ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ വിവാദം കൊഴുക്കുന്നു. മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി എംഎൽഎ രംഗത്തെത്തിയെങ്കിലും കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് പ്രതിഭയ്‌ക്ക് തിരിച്ചടിയാവുകയാണ്.
പ്രതിഭയുടെ മകൻ കനിവിനെയും സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. കേസിൽ ഒമ്പതാം പ്രതിയാണ് 21-കാരനായ കനിവ്.
ശനിയാഴ്ച ഉച്ചയ്‌ക്കായിരുന്നു കനിവ് ഉൾപ്പടെ ഒമ്പത് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കസ്റ്റഡിയിലെടുത്തുവെന്നാണ് എക്സൈസ് പുറത്തുവിട്ട വിവരം. തുടർന്ന് മാദ്ധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ നൽകിയത് തെറ്റായ വാർത്തയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു യു. പ്രതിഭ എംഎൽഎയുടെ വാദം. വ്യാജ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും എംഎൽഎ പറഞ്ഞു.
എന്നാൽ കനിവ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. സംഘത്തിൽ നിന്ന് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവ പിടിച്ചെടുത്തെന്നും FIRൽ പറയുന്നു.