മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും മെൽബണിൽ മുന്നൂറോ അതിൽ കൂടുതലോ വിജയലക്ഷ്യം മറികടന്നിട്ടില്ല. എന്നിട്ടും ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാത്ത ഓസീസ് തീരുമാനം ക്രിക്കറ്റ് വിദഗ്ധർ ബുദ്ധിപരമായ നീക്കമായാണ് കാണുന്നത്. ഈ നൂറ്റാണ്ടിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവുമുയർന്ന സ്കോർ 183 റൺസാണ്.
ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയിൽ വാലറ്റക്കാരായിറങ്ങിയ നഥാൻ ലിയോണിനെയും ബോളണ്ടിനെയും പുറത്താക്കാൻ അവസാന സെഷനിലും ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. ബാറ്റിംഗ് പിച്ച് ആയതിനാലാണ് ഇന്ത്യൻ ബിവളർമാർ വെല്ലുവിളി നേരിട്ടതെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. .നാലാം ദിനം ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയ്‌ക്ക് ഈ പിച്ചിൽ തിരിച്ചുവരാനായേക്കുമെന്ന ആശങ്കയാകാം ഓസീസ് ക്യാപ്റ്റന്റെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാബയിൽ സംഭവിച്ചത് അവർക്കിപ്പോഴും ഓർമയുണ്ടാകാം. അവിടെ ഇന്ത്യ 329 റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു.
അതേസമയം മാദ്ധ്യമങ്ങളോട് സംസാരിച്ച മിച്ചൽ സ്റ്റാർക്കും ഓസ്‌ട്രേലിയയുടെ പദ്ധതികളെക്കുറിച്ച് സൂചന നൽകിയിരുന്നു. നാലാംദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയെ പുറത്താക്കാൻ മതിയായ ഓവറുകളുണ്ട്. 80 ഓവറിനുള്ളിൽ ഇന്ത്യയെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ 18 ഓവറുകൾ ശേഷിക്കെ ന്യൂ ബോൾ ലഭിക്കും. ഈ ആനുകൂല്യം ടീമിന് മുതലാക്കാനാകുമെന്ന ആത്മവിശ്വാസം സ്റ്റാർക്ക് പ്രകടിപ്പിച്ചു.