കൊച്ചി: കലൂർ ജവഹർലാൽ സ്‌റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേ ഗാലറിയിൽ നിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ സ്ഥിരത വന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
2-3 മണിക്കൂറുകൾ കൂടുമ്പോൾ സ്ഥിതി വിലയിരുത്തുന്നുണ്ട്. നിലവിൽ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റർ സപ്പോർട്ടിലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റും. നട്ടെല്ലിൽ ചെറിയ പരിക്കുകളേ ഉള്ളൂവെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിൽ പരിക്കുണ്ട്. തലയോട്ടിയിൽ നല്ല മുറിവുണ്ടായിരുന്നു. അതാണ് രക്തസ്രാവം അധികമായി ഉണ്ടായതിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു.
റിനെ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എംഎൽഎയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്. ആരോഗ്യവകുപ്പ് നിയോഗിച്ച കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘവും രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
അതേസമയം അപകടമുണ്ടായ സ്റ്റേഡിയത്തിലെ സ്റ്റേജ് നിർമാണത്തിലുൾപ്പെടെ അപാകതകൾ സംഭവിച്ചുവെന്ന വിമർശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസും വ്യക്തമാക്കി. ഗിന്നസ് റെക്കോഡിനായി നടന്ന നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. ഉയരത്തിൽ കെട്ടിയ വേദിയിലെത്തിയ ഉമ തോമസ് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് വീണത്.
താഴെയുണ്ടായിരുന്ന കോൺക്രീറ്റ് സ്ലാബുകളിൽ തലയിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. നിലവിളക്ക് കത്തിക്കാൻ വേണ്ടി മാത്രം താൽക്കാലികമായി തയ്യാറാക്കിയ വേദിയാണെന്നാണ് പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് സംഘത്തിന്റെ വിശദീകരണം. വേദിക്ക് മുൻപിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നുമില്ല. റിബൺ കെട്ടിയ സ്റ്റീൽ പൈപ്പുകൾ മാത്രമായിരുന്നു സൂചനയായി വെച്ചിരുന്നത്.