എറണാകുളം: കലൂർ സ്‌റ്റേഡിയത്തിൽ നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തി സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് രാവിലെയോടെ ഉമ കണ്ണുകൾ തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. ഉമ തോമസിന്റെ മകനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഉമയെ കാണാനായി മകൻ ആശുപത്രിയിൽ എത്തിയിരുന്നു. ഈ സമയത്ത് പതിയെ കണ്ണുകൾ തുറന്ന് കൈകാലുകൾ അനക്കിയെന്നാണ് മകൻ പറയുന്നത്. ഇക്കാര്യം ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല. കോൺക്രീറ്റ് പാളികളിലേക്ക് തലയടിച്ചുവീണ ഉമയുടെ ശ്വാസകോശത്തിൽ രക്തം കട്ടപ്പിടിച്ച് ഇരുന്നതായിരുന്നു ഡോക്ടർമാരിൽ ആശങ്ക ഉയർത്തിയത്. എന്നാൽ ഇതിൽ പുരോഗതിയുണ്ടെന്നും തലയ്‌ക്കേറ്റ പരിക്ക് സുഖംപ്രാപിക്കുകയാണെന്നും ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ശസ്ത്രക്രിയ പോലുള്ള ആവശ്യമായ നടപടികൾ ഡോക്ടർമാർ സ്വീകരിക്കും. കാർഡിയോ പോലുള്ള വിവിധ മേഖലയിലുള്ള ഡോക്ടർമാരുടെ സംഘമാണ് ആശുപത്രിയിലുള്ളത്. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം വെന്റിലേറ്ററിൽ നിന്നും ഉമ തോമസിനെ മാറ്റുന്ന കാര്യവും ഡോക്ടർമാർ തീരുമാനിക്കും.
ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് 15 അടി ഉയരമുള്ള സ്റ്റേജിൽ നിന്നും ഉമ തോമസ് വീണത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൂന്ന് പേർ പിടിയിലായി. സുരക്ഷാ നടപടികൾ പാലിക്കാതെയും വേണ്ടത്ര അനുമതിയില്ലാതെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് പൊലീസിന്റെ നടപടി. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,000 നർത്തകർ അണിനിരന്നാണ് നൃത്തപരിപാടി അരങ്ങേറിയത്.