ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതി കൊടി സുനിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കൊടി സുനിക്ക് അമ്മയെ കാണാൻ 30 ദിവസത്തെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോടി സുനിയെ പിന്തുണച്ച് കൊണ്ടുള്ള ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരോൾ എന്തൊ മഹപരാധം എന്ന് പോലെയാണ് ചർച്ചകൾ നടക്കുന്നതെന്നും കൊറോണ സമയത്ത് പോലും സുനിക്ക് പരോൾ ലഭിച്ചിരിന്നില്ലെന്നും ജയരാജൻ പറയുന്നു.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടി സുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്.
കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നാണ് ജയരാജൻ ചോദിക്കുന്നു.
ടി.പി വധക്കേസ് പ്രതികളെ പിന്തുണച്ച് ജയരാജൻ രംഗത്ത് വന്നത് ഇതാദ്യമായല്ല. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലേയളവിലും സമാന നിലപാടാണ് ജയരാജൻ സ്വീകരിച്ചിരുന്നത്. ജയിനുള്ളിൽ ഇരുന്നു കൊണ്ട് കോട്ട്വേഷൻ സംഘത്തെ നിയന്ത്രിച്ചയാളാണ് കൊടി സുനി. ജയിലില്‍ നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊടി സുനി അടക്കം പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചതിനും ജയില്‍ വാര്‍ഡന്മാരെ ആക്രമിച്ചതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സ്വര്‍ണക്കടത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനവും ആസൂത്രണം ചെയ്തതിനും പല ഘട്ടങ്ങളിലായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. അത്തരം ഒരാൾക്കാണ് മാനുഷിക പരിഗണനയുടെ പേരിൽ പരോളിന് അർഹതയുണ്ടെന്ന് ജയരാജൻ വാദിക്കുന്നത്.