ന്യൂഡൽഹി: പ്രശസ്ത സസ്യശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവുമായ കെഎസ് മണിലാലിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മണിലാൽ അന്തരിച്ചത്. 86 വയസായിരുന്നു.
“പത്മ അവാർഡ് ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ഡോ. കെഎസ് മണിലാൽ ജിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. സസ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ സമ്പന്നമായ സംഭാവനകൾ വരും തലമുറകളിലെ സസ്യശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വഴികാട്ടിയായി തുടരും. കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചും അദ്ദേഹം വിശാലമായ പഠനങ്ങൾ നടത്തി. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു ,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
2020 ൽ മോദി സർക്കാരാണ് മണിലാലിന് അദ്ദേഹത്തിന്റെ സസ്യശാസ്ത്രരംഗത്തെ സംഭാവനകൾക്ക് പത്മശ്രീ നൽകി ആദരിച്ചത്. കേരളത്തിലെ അപൂർവ്വ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലാറ്റിൻഗ്രന്ഥം ഹോർത്തൂസ് മലബാറിക്കൂസ് നിരന്തര ഗവേഷണത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്തത് മണിലാലാണ്.















