സിനിമാ മേഖലയിൽ നിൽക്കുന്നത്, തനിക്ക് ഇപ്പോൾ ഒട്ടും ഇഷ്ടമില്ലെന്ന് നടി നിത്യ മേനോൻ. മറ്റൊരു ഓപ്ഷൻ കിട്ടിയാൽ ഉറപ്പായും ഈ പ്രൊഫഷൻ വിടുമെന്നും ഇക്കാര്യം പലപ്പോഴും വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ മേനോൻ പറഞ്ഞു. ജയൻ രവി നായകനായ ‘കാതലിക്ക നേരമില്ലേ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൃത്തസംവിധായിക കലാ മാസ്റ്റർക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
“സിനിമയിൽ അഭിനയിക്കുമ്പോൾ, നമ്മളെ മറ്റൊരാൾ വന്ന് നിയന്ത്രിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സിനിമയിലേക്ക് വരുന്നത് അച്ഛന് ഒട്ടും ഇഷ്ടമില്ലായിരുന്നു. എനിക്ക് വലിയ താത്പര്യമായിരുന്നു. എന്നാലിന്ന് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തൊരു പ്രൊഫഷനാണ് സിനിമ.
എല്ലാം ഉപേക്ഷിച്ച് സമാധാനമായ ഒരു സ്ഥലത്തേക്ക് പോകാം എന്നൊക്കെ ഞാൻ പലപ്പോഴും അച്ഛനോടും അമ്മയോടും പറയാറുണ്ട്. അങ്ങനെ ആരോടും പറയാതെ പോകാമെന്ന് ചിന്തിച്ചപ്പോഴാണ് നാഷണൽ അവാർഡ് കിട്ടിയത്. നമ്മളല്ല, എല്ലാം തീരുമാനിക്കുന്നത് ദൈവമാണെന്ന് എനിക്ക് അപ്പോൾ തോന്നി.
എനിക്ക് സാധാരണ ജീവിതമാണ് ഇഷ്ടം. ഒരുപാട് യാത്ര ചെയ്യണം, പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. അതൊക്കെയാണ് എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ. കാമറയുടെ മുന്നിൽ വരുന്നത് എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. മേക്കപ്പ് ചെയ്യുന്നതും സ്റ്റേജിൽ കയറുന്നതൊന്നും ഇഷ്ടമില്ലായിരുന്നു. അമ്മയാണ് എന്നെ മാറ്റിയത്.
കുട്ടിക്കാലത്ത് ഒരുപാട് വിഷമങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ. എന്നാലിന്ന് ഒരുപാട് സന്തോഷമായിരിക്കുന്നു. കരിയറിൽ എനിക്ക് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ വ്യക്തിപരമായ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും” നിത്യ മേനോൻ പറഞ്ഞു.