മംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സൽ കീഴടങ്ങൽ നടപടികളിൽ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ.
നക്സൽ കീഴടങ്ങൽ നടപടിയിൽ സത്യസന്ധതയില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞു. കീഴടങ്ങൽ പ്രക്രിയയിൽ ശരിയായ ചർച്ചകളൊന്നും നടന്നിട്ടില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകൾക്കുള്ളിലെ ആഭ്യന്തര രാഷ്ട്രീയം കോൺഗ്രസ് ഉപയോഗിച്ചോ അതോ ആരെങ്കിലും സർക്കാരിനെ സ്വാധീനിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങൽ പ്രക്രിയ നടത്തിയതെന്നും ആരാണ് കീഴടങ്ങാൻ ചർച്ച നടത്തിയതെന്ന് വ്യക്തമല്ലെന്നും അണ്ണാമലൈ ആരോപിച്ചു.
“മുമ്പ്, ഞാൻ ചിക്കമംഗളൂരു എസ്പിയായിരിക്കുമ്പോൾ, മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. കീഴടങ്ങൽ പ്രക്രിയയിൽ ഞാൻ പങ്കാളിയായിരുന്നു. ചട്ടം അനുസരിച്ച്, മാവോയിസ്റ്റുകൾ ഡെപ്യൂട്ടി കമ്മീഷണർക്കും എസ്പിക്കും മുമ്പാകെ കീഴടങ്ങണം, തുടർന്നാണ് മറ്റ് നടപടിക്രമങ്ങൾ. ഇവിടെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങൽ നടപടികൾ നടന്നത്. കീഴടങ്ങൽ പ്രക്രിയയിൽ സർക്കാരിന് എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ അത് സിവിൽ സമൂഹത്തെ ബാധിക്കും, ”അദ്ദേഹം പറഞ്ഞു.
“മാവോയിസ്റ്റുകൾ കീഴടങ്ങുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസമുണ്ടാകണം. അടുത്തിടെ നടന്ന കീഴടങ്ങലിൽ പൊതുജനങ്ങൾക്ക് വിശ്വാസമില്ല. കീഴടങ്ങൽ സംബന്ധിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിൽ പൊരുത്തക്കേടുകളുണ്ട്”. വിഷയം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.