തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം.
സംശയം തോന്നി ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവതിയയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതായാണ് പൊലീസ് സംശയിക്കുന്നത്.
മുറിയിൽ ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.