ന്യൂഡൽഹി: 2025ലെ ആദ്യ മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേളയും 75-ാം റിപ്പബ്ലിക് ദിനാഘോഷവും തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം പുതുവർഷത്തിലെ ആദ്യ മൻ കി ബാത്തിൽ പ്രധാനമന്ത്രി ചർച്ച ചെയ്തു.
എല്ലാമാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് നടക്കുകയെങ്കിലും ഇത്തവണ മൂന്നാമത്തെ ഞായറാഴ്ചയായിരുന്നു മൻ കി ബാത്ത്. അവസാന ഞായറാഴ്ച റിപ്പബ്ലിക് ദിനമായതിലാണ് ഈ മാസത്തെ റേഡിയോ പരിപാടി ഒരാഴ്ച നേരത്തേയായത്.
മൻ കി ബാത്തിന്റെ 118-ാമത് പതിപ്പാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്. പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയെ അഭിനന്ദിച്ചകൊണ്ടായിരുന്നു പ്രധാനമന്ത്രി മോദി മൻ കി ബാത്ത് തുടങ്ങിയത്. നാനാത്വത്തിൽ ഏകത്വത്തിന്റെ പ്രതീകമാണ് കുംഭമേളയെന്നും ഇത്തവണ യുവാക്കളുടെ സാന്നിധ്യം കൂടുതലാണെന്നത് പ്രശംസാവഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചിരിക്കുകയാണ്. മനുഷ്യത്വത്തിന്റെ സമുദ്രമാണ് അവിടെ കാണാനാകുന്നത്, അവിസ്മരണീയമായ ദൃശ്യങ്ങളും കാണാം. സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമമാണ് മഹാകുംഭമേളയെന്ന് മോദി പറഞ്ഞു. എങ്ങനെയാണ് ഇന്ത്യയുടെ പാരമ്പര്യങ്ങൾ രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കുംഭമേളയിലൂടെ നമ്മുടെ പാരമ്പര്യങ്ങൾ ഇന്ത്യയെ മുഴുവൻ ബന്ധിപ്പിച്ചിരിക്കുന്നു. വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള വഴികളെല്ലാം ഒന്നാണ്. വടക്ക് നിന്ന് തെക്ക് വരെ അത് ഒന്നുതന്നെയാണ്. ഒരുവശത്ത് പ്രയാഗ്‌രാജ്, ഉജ്ജൈൻ, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ കുംഭമേള സംഘടിപ്പിക്കപ്പെടുന്നു. മറുവശത്ത്, ഗോദാവരി, കൃഷ്ണ, നർമ്മദ, കാവേരി നദികളുടെ തീരത്താണ് പുഷ്‌കരം സംഘടിപ്പിക്കുന്നതെന്നും മോദി സൂചിപ്പിച്ചു.
കുംഭമേളയുടെ സംഘാടനത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾ വിപുലമായി ഉപയോഗിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ഇത്തവണത്തെ കുംഭമേളയിൽ ഡിജിറ്റൽ കാൽവെയ്പ്പ് നാം നടത്തി. മഹാകുംഭമേളയ്‌ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ജനപ്രീതി ഓരോ ഭാരതീയനും അഭിമാനമാണെന്നും മോദി കൂട്ടിച്ചേർത്തു.