ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കെ. എം ചെറിയാൻ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ രാത്രി 11.50-ഓടെ മണിപ്പാൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യത്തെ മികച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ധരിൽ ഒരാളാണ് വിട പറയുന്നത്. രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് ഡോ. കെഎം ചെറിയാനാണ്. ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാൻ്റ്, ആദ്യത്തെ ലേസർ ഹാർട്ട് സർജറി എന്നിവ നടത്തിയതും അദ്ദേഹമാണ്. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
1942-ൽ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനനം. വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമായിരുന്നു. ജസ്റ്റ് ഇൻ ഇൻസ്ട്രുമെന്റ് എന്ന ആത്മകഥയും കെഎം ചെറിയാൻ എഴുതിയിട്ടുണ്ട്.















