മരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഒരു നാടുണ്ട് ഈ ഭൂമിയിൽ. മരിക്കുന്നതും മൃതദേഹം സംസ്കരിക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന പ്രദേശത്തി പേരാണ് ലോങ് ഇയർബൈൻ. ലോകത്തിലെ ഏറ്റവും വിചിത്രവും ശാസ്ത്രീയവുമായ മരണ നിരോധന നിയമം നിലനിൽക്കുന്ന നാട്ടിനെ കുറിച്ച് അറിയാം.
നോർവെയിലെ ഒരു നഗരമാണ് ലോങ് ഇയർബൈൻ. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജനവാസ മേഖലയാണിത്. 53 രാജ്യങ്ങളിൽ നിന്നുള്ള 2,400 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 1990 നു മുമ്പ് ഇത് സാധാരണ ഖനന നഗരം ആയിരുന്നു. പിന്നീടാണ് ഇത് ടൂറിസം കേന്ദ്രമായത്. പ്രദേശത്ത് ചെറിയ ശ്മശാനം ഉണ്ടെങ്കിലും 80 വർഷത്തിലേറെയായി ഇവിടെ ശവസംസ്കാരം നടന്നിട്ട്.
താപനിലയാണ് മരണത്തിനും സംസ്കാരത്തിനും തടസ്സമായി നിൽക്കുന്നത്. മൈനസ് മൂന്ന് മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. ഈ താപനിലയിൽ മൃതദേഹം പതിറ്റാണ്ടുകൾ കഴിഞ്ഞാലും അഴുകുകയോ നശിക്കുകയോ ഇല്ല. കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം ഫ്രീസറിൽ വച്ചിരിക്കുന്ന അതേ അവസ്ഥയിലായിരിക്കും കാണപ്പെടുക. കൂടാതെ ശവശരീരങ്ങളിലുള്ള വൈറസുകളും രോഗാണുക്കളെയും പതിറ്റാണ്ടുകളോളം അതുപോലെ നിലനിർത്താൻ ഇവിടത്തെ കാലാവസ്ഥയ്‌ക്ക് കഴിയും എന്നാണ് പഠനങ്ങൾ തെളിയിച്ചത്.
1950 കളിലാണ് മൃതദേഹങ്ങൾ അഴുകുന്നില്ലെന്ന് തദ്ദേശവാസികൾ മനസ്സിലാക്കിയത്. തുടർന്ന് 1907 ൽ മരിച്ച ഏഴ് ഖനി തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചപ്പോൾ മാരകമായ സ്പാനിഷ് ഫ്ലൂ വൈറസ് സാന്നിധ്യവും കണ്ടെത്തി. ഇതോടെ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലായി. പിന്നാലെയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് നിരോധിച്ചത്. നിലവിൽ മാരകരോഗങ്ങൾ ബാധിച്ച തദ്ദേശവാസികളെ നോർവെയിലെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ ഇല്ലാത്തതാണ് പ്രസവത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഗർഭിണികളായ സ്ത്രീകളെ സർക്കാർ മുൻകയ്യെടുത്ത് മാസം തികയുന്നതിന് മുൻപേ നോർവെ നഗരങ്ങളിലേക്ക് അയക്കും.
ജനനത്തിനും മരണത്തിനും നിരോധനം ഉണ്ടെങ്കിലും ഇവിടെ സഞ്ചാരികൾക്ക് കുറവില്ല
നോർത്തേൺ ലൈറ്റുകളുടെ അത്യപൂർവ്വ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ വരവേൽക്കുന്നത്. ചെങ്കുത്തായ പർവ്വതങ്ങൾ ആയാലും ഹിമാനികൾ ആളും ചുറ്റപ്പെട്ടതാണ് ലോങ് ഇയർബൈൻ.














