ലക്നൗ: വഖഫ് ഭേദഗതി നിയമത്തിൽ പ്രതിഷേധം രേഖപ്പെടുത്താനായി ഒരു നാടിനെയാകെ ഇരുട്ടിലാക്കിയ ലൈൻമാനെ യുപി സർക്കാർ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മീററ്റ് മുണ്ടാലി സ്വദേശിയായ റിയാസുദ്ദീനെതിരെയാണ് നടപടി.
ഏപ്രിൽ 30 നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രി 9 മുതൽ 9:15 വരെ വിളക്കുകൾ അണയ്ച്ച് വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തിരുന്നു. വീടുകളിലും കടകളിലും ഫാക്ടറികളിലും വിളക്കുകൾ അണച്ച് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
ആഹ്വാനം ‘അങ്ങ്’ ഏറ്റെടുത്ത പവർ സ്റ്റേഷൻ ജീവനക്കാരനായ റിയാസുദ്ദീൻ തനിക്ക് ചുമതലയുള്ള അജ്‌റാദ ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെക്കുകയായിരുന്നു. ജീവനക്കാരന്റെ വ്യക്തി താൽപ്പര്യമാണ് വൈദ്യുതി മുടക്കത്തിന് പിന്നിലെന്ന തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധിച്ചു. ജീവനക്കാരനെതിരെ ഊർജ്ജ മന്ത്രി സോമേന്ദ്ര തോമറിന് പരാതി നൽകുകയും ചെയ്തു.
മന്ത്രിയുടെ ഉത്തരവനുസരിച്ച് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ റിയാസുദ്ദീൻ ബോധപൂർവ്വം വൈദ്യുതി വിച്ഛേദിച്ചതാണെന്ന് കണ്ടത്തി. ഇതിന് പിന്നാലെയാണ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.















