ബെംഗളുരു: മക്കളുടെ വിജയം സോഷ്യൽ മീഡിയ വഴി കൊട്ടിഘോഷിച്ച് ആഘോഷമാക്കുന്ന മാതാപിതാക്കളെ എല്ലാവർക്കും അറിയാം. എന്നാൽ പരാജയപ്പെട്ട മക്കളെ ചേർത്ത് നിർത്തുന്നവരെ അധികം കണ്ടിട്ടില്ല. അത്തരം ഒരു വാർത്ത വരുന്നത് കർണ്ണാടകയിലെ ബാൽഗോട്ടിൽ നിന്നുമാണ്. പത്താം ക്ലാസ് പൊതു പരീക്ഷയിലെ മകന്റെ പരാജയമാണ് അച്ഛനും അമ്മയും ആഘോഷിച്ചത്. കുട്ടിക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കാനാണ് മാതാപിതാക്കളുടെ വേറിട്ട ശ്രമം.
ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിഷേക് ചോളചഗുദ്ദയ്‌ക്ക് 600 ല്‍ 200 മാര്‍ക്ക് (32%) മാത്രമാണ് ലഭിച്ചത്. ആറ് വിഷയങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. പരീക്ഷാഫലം വന്നതിന് പിന്നാലെ സഹപാഠികളിൽ നിന്നും നാട്ടുകാരിൽ നിന്നും കടുത്ത പരിഹാസം അഭിഷേകിന് നേരിടേണ്ടി വന്നു. ഇതോടെയാണ് മാതാപിതാക്കൾ അവനെ ചേർത്ത് പിടിക്കാൻ തീരുമാനിച്ചത്. ഒടുവിൽ കേക്ക് മുറിച്ച് തന്നെ പരാജയം ആഘോഷിച്ചു. പരീക്ഷയിലെ പരാജയം ലോകാവസാനമൊന്നുമല്ല. നീ ഒരിക്കലും പരാജയങ്ങളില്‍ തളര്‍ന്നു പോകരുത് എന്ന സന്ദേശമാണ് മാതാപിതാക്കള്‍ കുട്ടിക്ക് പകര്‍ന്നു നല്‍കിയത്.
വീണ്ടും പരീക്ഷ എഴുതി വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ അഭിഷേക്. ‘എന്റെ കുടുംബം എന്നെ സ്‌നേഹിക്കുന്നു.ഞാന്‍ വീണ്ടും പരീക്ഷ എഴുതും, ഞാന്‍ അത് നേടും, ജീവിതത്തില്‍ വിജയം പിടിച്ചടക്കും’- അഭിഷേക് പറഞ്ഞു.















