തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷനെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തതിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻമാർ വന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം.
“ദളിതർക്ക് അർഹമായ പരിഗണ ലഭിക്കുന്നില്ല. എഐസിസിയിൽ ഉണ്ടെങ്കിൽ ഇവിടെയില്ല.നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ ദളിതർക്ക് അർഹമായ പരിഗണനം ലഭിച്ചില്ല എന്ന പരാതിയുണ്ട്”.കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും സണ്ണി ജോസഫിനൊപ്പം പദവി ഏറ്റെടുത്തു.
പുതിയ കെപിസിസി നേതൃത്വത്തിനൊപ്പം പോരാട്ടത്തിലുണ്ടാകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതില്‍ പ്രശ്‌നമേയില്ലെന്നും സിപിഎമ്മിനെതിരായ പോരാട്ടത്തില്‍ പടക്കുതിരയായി മുന്നിലുണ്ടാകുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേർത്തു. സണ്ണി ജോസഫിന്റെ രാഷ്‌ട്രീയത്തിലുണ്ടായ വളർച്ചയിൽ അഭിമാനക്കൊള്ളുന്നുവെന്നും സുധാകരൻ പറഞ്ഞു.















