ന്യൂഡൽഹി: 2024 ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് നേതാവ് പരസ്യമായി കമ്മീഷനെതിരെ ക്രമക്കേട് ആരോപണങ്ങളും ആശങ്കയും ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി ഒരു പരാതിപോലും നൽകാൻ തയാറാകാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
പരാമർശങ്ങൾക്ക് രണ്ട് ദിവസത്തിന് ശേഷവും രാഹുൽ ഔദ്യോഗികമായി പരാതി നൽകുകയോ കൂടിക്കാഴ്ചയ്‌ക്ക് അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇസിഐ വൃത്തങ്ങൾ പറയുന്നു. അതേസമയം 2024 ഡിസംബർ 24 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയച്ച കത്തിനുള്ള മറുപടി അപ്പോൾ തന്നെ നൽകി കഴിഞ്ഞിട്ടുള്ളതാണെന്നും ഇതിന്റെ വിശദ വിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയിക്കുന്നതിനുപകരം വോട്ടർമാരുമായി ഇടപഴകുന്നതിലാണ് രാഷ്‌ട്രീയപാർട്ടികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഏതെങ്കിലും രാഷ്‌ട്രീയപാർട്ടി തങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി അവരുടെ രാഷ്‌ട്രീയ മണ്ഡലത്തിലാണ് പ്രവർത്തിക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങൾ മണ്ടന്മാരല്ല. തോൽക്കുമ്പോഴെല്ലാം റഫറിയെ കുറ്റം പറയുന്നതിലെ യുക്തി ജനങ്ങൾക്ക് മനസിലാകും,” തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്തവാനായിൽ പറഞ്ഞു.















