കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ ഷിപ്പിംഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്എസി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി കൊണ്ടാണ് എംഎസിസിയുടെ എലിസ കപ്പൽ മുങ്ങിയത്. കപ്പലിലെ അവശിഷ്ടങ്ങൾ കേരളാ തീരത്തെ ഗുരുതരമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും ഷിപ്പിംഗ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
തുടക്കത്തിലുണ്ടായ കാലതാമസം വലിയ തിരിച്ചടിക്ക് കാരണമായി. എണ്ണ ചോർച്ച പരിഹരിക്കാൻ ഇനിയും ആയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കണം. അല്ലാത്തപക്ഷം ഇന്ത്യൻ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്നും മന്ത്രാലയം കണ്ടെത്തി.
രണ്ട് ദിവസം മുമ്പാണ് വിഷയത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് പുറത്തുവന്നത്. നിയമനടപടി വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്. കപ്പൽ മുങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും എണ്ണ ചോർച്ച പരിഹരിക്കാനോ അവശിഷ്ടം മാറ്റാനോ കമ്പനി തയ്യാറായിട്ടില്ല.















