തിരുവനന്തപുരം:പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആയിരുന്നു ദുരന്തം. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഡിഗ്രി വിദ്യാര്‍ഥിയാണ് അക്ഷയ്.കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. മൂന്ന് പേരായിരുന്നു അപകട സമയത്ത് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും കാറ്റിലുമായി മരച്ചില്ല ഒടിഞ്ഞ് റോഡില്‍ വീണു കിടന്നിരുന്നു. ഇതിനുള്ളിൽ ഇലക്ട്രിക് പോസ്റ്റും കമ്പിയും ഉണ്ടായിരുന്നു.തെന്നി ബൈക്ക് മറിഞ്ഞപ്പോള്‍ അക്ഷയുടെ കാല്‍ ലൈനില്‍ തട്ടുകയും തുടർന്ന് ഷോക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. പിന്നിലുണ്ടായിരുന്നു രണ്ടുപേര്‍ തെറിച്ചു വീണതിനാൽ ഷോക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ശബ്ദം കേട്ടപ്പോൾ നാട്ടുകാരാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ കെഎസ്ഇബിയിൽ വിവരമറിയിചെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്തിയില്ല. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അക്ഷയുടെ മൃതദേഹം മാറ്റുകയായിരുന്നു. ആംബുലൻസ് വിളിച്ച ശേഷം ഏറെ കാത്തുനിന്നെങ്കിലും എത്തിയില്ല. തുടർന്ന് കാറിലാണ് അക്ഷയ് നെ ആശുപത്രിയിലെത്തിച്ചത്.
നിലവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അക്ഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.















