മൈസൂരു: കർണാടകയിൽ ആറാം ക്ലാസുകാരിയെ വിൽക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ. വാട്ട്സ്ആപ്പിലൂടെയാണ് 20 ലക്ഷം രൂപയ്‌ക്ക് വിൽപ്പനയ്‌ക്ക് വച്ചത്. ശോഭ, ആൺസുഹൃത്ത് തുളസി കുമാർ എന്നിവരാണ് പിടിയിലായത്. സെക്സ് റാക്കറ്റിലെ കണ്ണികളാണ് ഇവർ.
കന്യകയായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം മാറുമെന്ന് പ്രചരിപ്പിച്ചായിരുന്നു വിൽപ്പനയ്‌ക്ക് ശ്രമിച്ചത്. 12-13 വയസ്സുള്ള പെൺകുട്ടിയെ വാട്ട്‌സ്ആപ്പ് കോളിലൂടെ കാണിച്ചുകൊടുത്താണ് താൽപ്പര്യമുള്ളവരെ കണ്ടെത്തുന്നത്. ഓടനാടി സേവാ സംസ്തേ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിന് താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് എൻജിഒ ജീവനക്കാരൻ ശോഭയെ ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ ഇഷ്ടപ്പെട്ടെന്നും മൈസൂരുവിലേക്ക് കൊണ്ടുവരണമെന്നും ജീവനക്കാരൻ ശോഭയോട് പറഞ്ഞു. പറഞ്ഞത് പ്രകാരം ശോഭ പെൺകുട്ടിയുമായി മൈസൂരിൽ എത്തിയപ്പോൾ പൊലീസ് പ്രദേശം വളഞ്ഞ് പിടികൂടുകയായിരുന്നു.
പെൺകുട്ടി തന്റെ മകളാണെന്നും അനന്തരവളാണെന്നും ദത്ത് മകളാണെന്നും ശോഭ പൊലീസിനോട് മാറ്റിമാറ്റി പറഞ്ഞു. ഒടുവിൽ ചോദ്യ ചെയ്യലിൽ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് ശോഭ സമ്മതിച്ചു.
പെൺകുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. റാക്കറ്റിലെ മറ്റ് കണ്ണികൾക്കായി തെരച്ചിൽ ആരംഭിച്ചു. ശോഭയ്‌ക്ക് എവിടെ നിന്ന് പെൺകുട്ടിയെ ലഭിച്ചെതെന്നും പൊലീസ് അന്വേഷിക്കുകയാണ്.















