ന്യൂഡൽഹി: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എഡിജിപി വൈ പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഐജി പുഷ്പേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യ കുറിപ്പിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണം.
ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുരൺ കുമാറിന്റെ ഭാര്യ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്13 ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടം പൂർത്തിയായിട്ടില്ല.
ഒക്ടോബർ ഏഴിനാണ് പുരൺ കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നായി ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു. ഡിജിപി ശത്രുജീത് കുമാർ, റോഹ്തക് എസ്എസ്പി മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ കുറിപ്പിൽ പുരൺ കുമാർ പരാമർശിച്ചിട്ടുള്ളത്. തുടർന്ന് വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയായിരുന്നു.















