ന്യൂഡൽഹി: കഴിഞ്ഞ 7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപയെന്ന് ഇഡിയുടെ കണ്ടെത്തൽ. സർവകലാശാലയ്‌ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചD കൈപ്പറ്റിയ പണവും ഇക്കൂട്ടത്തിൽ പെടും. അൽ ഫലാഹ് സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കള്ളപ്പണക്കേസിൽ അറസ്റ്റിലായ സിദ്ദിഖിയെ 13 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
1995 സെപ്റ്റംബർ 8 നാണ് അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിതമായത്. തുടക്കം മുതൽ സിദ്ദിഖി ഇതിന്റെ ട്രസ്റ്റിയാണ്. ട്രസ്റ്റിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും ഇയാളുടെ നിയന്ത്രണത്തിലാണ്. വളരെ പെട്ടന്നാണ് ട്രസ്റ്റ് പടർന്ന് പന്തലിച്ചത്. ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വിദേശ ഫണ്ട് ട്രസ്റ്റിലേക്ക് എത്തുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം ഡൽഹി ഭീകരാക്രമണത്തിന് പിന്നാലെ അൽ-ഫലാഹ് സർവകലാശാലയിലെ നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരെ കണ്ടെത്താൻ ഹരിയാന ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിൽ നിന്നും ഭീകരവാദ ബന്ധമുള്ള ഡോക്ടർ ദമ്പതികളെ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു.















