തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കസ്റ്റിഡിയിലെടുത്തു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ബണ്ടി ചോറിനെ പിടികൂടിയത്. അഭിഭാഷകനെ കാണാൻ എത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. റെയിൽവേ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അഭിഭാഷകനെ കണ്ടതിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അഭിഭാഷകനെ കാണാൻ എത്തിയതെന്നും സ്റ്റേഷനിൽ നിന്ന് കുറച്ചുപണവും സാധനങ്ങളും കിട്ടാനുണ്ടെന്നുമാണ് ബണ്ടി ചോറിന്റെ വാദം.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ബണ്ടി ചോറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം വിട്ടയയ്‌ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ആളൂരിന്റെ ഓഫീസിലേക്കാണ് ഇയാൾ പോയത്. ആളൂർ മരണപ്പെട്ട വിവരം അറിഞ്ഞില്ലെന്നും ഇവിടെ എത്തിയപ്പോഴാണ് അറിയുന്നതെന്നും ബണ്ടി ചോർ പറഞ്ഞിരുന്നു.















