ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന സോഷ്യൽമീഡിയ പ്രചരണത്തിൽ പ്രതികരിച്ച് ജയിൽ അധികൃതർ. ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന അഡിയാല ജയിൽ ഭരണകൂടമാണ് എല്ലാ അഭ്യൂഹങ്ങളും തള്ളിയത്. ഇമ്രാൻ ഖാൻ സുഖമായിരിക്കുന്നുവെന്നും നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അധികൃതർ അറിയിച്ചു.
ഇമ്രാൻ ഖാനെ അഡിയാല ജയിലിൽ നിന്ന് മാറ്റിയെന്ന വാർത്തകൾ സത്യമല്ല. അദ്ദേഹം പൂർണആരോഗ്യവാനാണ്. ആവശ്യമായ വൈദ്യസഹായം ഇമ്രാൻ ഖാന് ലഭിക്കുന്നുണ്ട്. അദ്ദേഹത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇതോടെ പാകിസ്ഥാനിലെ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി. ഇമ്രാൻ ഖാന്റെ പാർട്ടി അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്‌ക്ക് ഇരച്ചുകയറിയാതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഖാന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.
പാക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐ ഭരണകൂടവുമാണ് ഇമ്രാന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തത്.















