കോഴിക്കോട്: എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെതിരെ ലുക്കൗട്ട് നോട്ടീസ്. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇഡിയുടെ നടപടി. ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഫസൽ ഗഫൂറിനെ ഉപാധികളോടെ തിരിച്ചയച്ചു. കള്ളപ്പണം വെളുപ്പിക്കൽ, കോടികളുടെ നിക്ഷേപ തട്ടിപ്പ് തുടങ്ങി നിരവധി പരാതികളാണ് ഫസൽ ഗഫൂറിനെതിരെ ഇഡിക്ക് ലഭിച്ചിരിക്കുന്നത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഫസൽ ഗഫൂറിനെ ഉടൻ ഇഡി വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രി പ്രൊജക്ടിന്റെ എന്ന പേരിൽ വലിയ തോതിൽ നിക്ഷേപം ഫസൽ ഗഫൂർ കൈപ്പറ്റിയിരുന്നു. എന്നാൽ ആശുപത്രി നിർമാണം നടന്നില്ല.
ഇതോടെയാണ് നിക്ഷേപകർ എംഇഎസ് പ്രസിന്റിനെതിരെ ഇഡിയെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെമ നിയമപ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. നിരവധി തവണ ഇഡി ഫസൽ ഗഫൂറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരാകാൻ ഫസൽ ഗഫൂർ തയ്യാറായില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.















