കൊച്ചി : പൊലീസിനെ ബോംബ് എറിഞ്ഞ കേസിൽ തനിക്ക് ലഭിച്ച 20 വർഷം ശിക്ഷാവിധി തടയണം എന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ നിഷാദ് ഹൈക്കോടതിയിൽ. 20 വർഷം തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് വികെ നിഷാദ് ജയിലിലാണ്.
ഹർജിയിൽ ഹൈക്കോടതി പ്രോസിക്യൂഷന് നോട്ടീസ് അയച്ചു. ഡിസംബർ എട്ടിനകം മറുപടി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ശിക്ഷാവിധി തടയണം എന്ന ആവശ്യത്തിൽ ഹൈക്കോടതി ഡിസംബർ എട്ടിന് തീരുമാനം എടുക്കും.
പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിലാണ് കുറ്റക്കാരായ സിപിഎം പ്രവർത്തകർക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചത്. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ (ക്രിമിനൽ റെക്കോര്ഡുകളിൽ അന്നൂർ നന്ദൻ ), വി കെ നിഷാദ് എന്നിവരെയാണ് തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവരും രണ്ടര ലക്ഷം രൂപ വീതം പിഴയും അടക്കണം.
പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വി കെ നിഷാദ്. കൂടാതെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് ഇയാൾ. ശിക്ഷ വിധി പത്രിക സമർപ്പണത്തിന് ശേഷമായതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ വിജയിച്ചാൽ രാജിവെക്കേണ്ടിവരും. അങ്ങിനെ ഒരു സാഹചര്യമുണ്ടായാൽ അതിൽ നിന്ന് രക്ഷ നേടുന്നതിനാണ് ഇയാൾ കോടതിയെ സമീപിച്ചത്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ വലിയ സംഘർഷം ഉടലെടുത്തിരുന്നു. അതിനിടെയാണ് എസ്ഐയും എഎസ്ഐയും സഞ്ചരിച്ച പൊലീസ് വാഹനത്തിന് നേരെ പ്രതികൾ ബോംബ് എറിഞ്ഞത്. വെള്ളൂർ വി.കെ. നിഷാദ് (35), വെള്ളൂർ അന്നൂരിലെ ടി.സി.വി. നന്ദകുമാർ (35), വെള്ളൂർ ആറാംവയലിലെ എ. മിഥുൻ (36), വെള്ളൂർ ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് (38) എന്നിങ്ങനെ നാലു പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. രണ്ടുപേരെ കോടതി വിട്ടിരുന്നു.















