ഇടുക്കി: മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സ്കൈ ഡൈനിംഗ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ പ്രവീൺ മോഹൻ എന്നിവർക്കെതിരെ കേസെടുത്തു.
സ്കൈ ഡൈനിംഗിന് ജീവൻ രക്ഷാ ഉപാധികളില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ് മെമ്മോ നൽകിയത്. ഇടുക്കിയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മതിയായ പരിശോധനകൾ നടത്തിയാണോയെന്ന് കണ്ടെത്താൻ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക സംഘത്തെ രൂപീകരിക്കും.
ഇത്തരം സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ നടത്തുന്നതിന് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്നതിൽ ടൂറിസം വകുപ്പിന് മാർനിർദേശങ്ങളില്ല. ഇത് മുതലെടുത്തായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം.
രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് സ്കൈ ഡൈനിംഗിൽ കുടുങ്ങിയത്. 120 അടി ഉയരത്തിലാണ് നാലംഗ കുടുംബവും ജീവനക്കാരിയും കുടുങ്ങിയത്. മൂന്നര മണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാസേന ഇവരെ രക്ഷിച്ചത്.















