ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കുഞ്ഞു യാസിനും കുടുംബത്തിനും വിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരത സർക്കാരിന്റെ ‘ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം’ രാഷ്‌ട്രപതിയിൽ നിന്നും സ്വീകരിക്കാനായാണ് യാസിൻ ഡൽഹിയിൽ എത്തിയത്. ‘കമ്മീഷണറിലെ പോലീസ് അങ്കിളിനൊപ്പം’ പ്രഭാത ഭക്ഷണം കഴിച്ച് കുറെ ഫോട്ടോയും എടുത്താണ് യാസിൻ മടങ്ങിയത്. കൂടാതെ യാസിന്റെ സംഗീതപ്രതിഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. കൈ കാലകളില്ലാത്ത കൊച്ചുമിടുക്കൻ കലാ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്.

കായംകുളം ദേവികുളങ്ങര സ്വദേശികളായ ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസിൻ. കഴിഞ്ഞ ദിവസമാണ് തന്റെ ‘കട്ട ഫാനായ’ യാസിനെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്. ബിജെപി നേതാവ് എൻ. ഹരി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വീട്ടിൽ എത്തിയപ്പോഴാണ് തന്റെ ആരാധന യാസിൻ തുറന്നു പറഞ്ഞത്. യാസിന്റെ ആഗ്രഹം അറിഞ്ഞ അദ്ദേഹം അപ്പോൾ തന്നെ വീഡിയോ കോളിൽ സുരേഷ് ഗോപിയെ വിളിച്ചു. ഏറെ സമയം സുരേഷ് ഗോപി യാസിനോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. ഇതിനിടെയാണ് യാസിനെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ചത്.
കീബോർഡിൽ വിസ്മയം തീർക്കുന്ന യാസിൻ ഡാൻസ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയുടെ എല്ലാ പിറന്നാൾ ദിനത്തിലും യാസിൻ കമ്മീഷണർ സിനിമയിലെ ബിജിഎം യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുണ്ട്. യാസിന്റെ വീഡിയോകളെല്ലാം വൈറലാണ്.















