തിരുവനന്തപുരം: തദ്ദേശീയ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ. ജില്ലയിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നും വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്തുവെന്നും കരമന ജയൻ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ബിജെപി പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു ബൂത്തിൽ വോട്ട് ചെയ്ത യുവതി വഞ്ചിയൂരിൽ വീണ്ടും വോട്ട് ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. പരാജയഭീതിയിലാണ് സിപിഐഎം കള്ളവോട്ട് ചെയ്തത്. മൊബൈൽ ഫോണിലാണ് വോട്ടെടുപ്പ് ദൃശ്യങ്ങൾ പകർത്തിയത്. ഇതും നിയമവിരുദ്ധമാണ്. ഇതിനെതിരെയും പരാതി നൽകുമെന്ന് കരമന ജയൻ അറിയിച്ചു.
ഇരട്ടവോട്ടുകളും വ്യാജതിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചാണ് സിപിഐഎം കള്ളവോട്ടുകൾ ചെയ്യുന്നതെന്നും തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിക്കാൻ അവർ ശ്രമിച്ചെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ബൂത്തിൽ റീപോളിംഗ് വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.















