തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കി .ഈഞ്ചയ്‌ക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ലഭിച്ച വിവരങ്ങൾ എസ് ഐ ടിക്ക് കൈമാറി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ കാര്യങ്ങൾ അറിയിച്ച വ്യക്തിയുടെ വിവരങ്ങളും കൈമാറി. പൊതുപ്രവർത്തകൻ എന്ന നിലയിൽ കിട്ടിയ വിവരങ്ങൾ കൈമാറി എന്ന് മാത്രം. തന്റെ കയ്യിൽ തെളിവുകളില്ല എന്നത് ആദ്യമേ പറഞ്ഞതാണ്. വ്യവസായിയുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ല. വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കട്ടെ. സത്യമാണെന്ന വിശ്വാസമാണ് തനിക്കുളളത്. വിവരങ്ങളാണ് കൈമാറിയതെന്നും തെളിവുകളല്ലെന്നും തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു. അവര്‍ അന്വേഷിക്കട്ടെയെന്നും മൊഴി നല്‍കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണ്ണം എവിടെ? എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സ്വർണ്ണം ഇതുവരെ എസ്ഐടിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ആരോപണത്തിന് പ്രസക്തിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവെന്ന പേരില്‍ വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതേ കുറിച്ച് അറിവുള്ളയാള്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.















