ന്യൂഡൽഹി : കൊച്ചി മേയര്‍ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതില്‍ ഹൈക്കമാന്‍ഡിന് പരാതി നൽകി ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തിരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ ദീപ്തി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തി കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി.
മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചതെന്ന് ദീപ്തി പറയുന്നു. മുഹമ്മദ് ഷിയാസിന് അതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു എന്നുമാണ് ദീപ്തിയുടെ ആരോപണം.
സംസ്ഥാന കോണ്‍ഗ്രസിനു പരാതി കൊടുത്തിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദീപ്തി ഡല്‍ഹിയിലെത്തിയത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചതെന്നും എന്നിട്ടും മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞെന്നുമാണ് ദീപ്തിയുടെ പരാതി. തന്നെ തഴഞ്ഞതിനായി പറഞ്ഞ കാരണങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും ദീപ്തി പറയുന്നു ചൂണ്ടിക്കാട്ടിയിരുന്നു.















