പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി. പാലക്കാട് നെന്മാറ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത്
2021 ജൂണിലാണ് നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയ സംഭവത്തിലാണ് നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തത്. പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്‌ക്കെത്തിയത്. ഉദ്യോഗസ്ഥരെത്തും മുമ്പെ ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു ലിറ്റർ ചാരായവും പത്ത് ലീറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെ അന്ന് പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.















