തിരുവനന്തപുരം: ശ്രീകാര്യം മടവൂർ പാറയ്‌ക്ക് സമീപത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അനധികൃതമായി പാർപ്പിച്ച തെരുവുനായകളെ മേയർ അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി.
‘ പ്രദേശവാസികളാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ജനുവരി മാസം അവസാനിക്കുന്നതിന് മുൻപ് ഇവിടെ നിന്നും നായ്‌ക്കളെ മാറ്റാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എബിസി സെൻററിൽ സ്ഥലം ഒരുക്കി. ഇവിടെ 67 നായ്‌ക്കളുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ന് പരമാവധി നായ്‌ക്കളെ മാറ്റും. വരുന്ന ദിവസങ്ങളിൽ ബാക്കിയുള്ളവയെ കൊണ്ടുപോകും. വാക്സിനേഷൻ അടക്കം നൽകി ഇവയെ ഷെൽറ്ററിലേക്ക് മാറ്റും’. തെരുവ് നായ പ്രശ്നം തിരുവനന്തപുരം കോർപ്പറേഷൻ പരിഹരിച്ചിക്കുമെന്നും വി. വി രാജേഷ് വ്യക്തമാക്കി.
അഡ്വ. വി. വി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
തിരുവനന്തപുരം കോർപ്പറേഷനിൽ എൻ ഡി എ ഭരണത്തിൽ വന്നാൽ തെരുവ് നായകളെ നിയന്ത്രിയ്‌ക്കുന്നതിന്റെ ഭാഗമായി ഷെൽട്ടറിൽ അടയ്‌ക്കുമെന്ന് പറഞ്ഞിരുന്നു. ഡിസംബർ 26 ന് അധികാരത്തിൽ വന്ന നാൾ മുതൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തുടക്കമെന്ന നിലയ്‌ക്ക് 50 നായകളെ പൂവാറിലെ ഷെൽട്ടറിൽ അടയ്‌ക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികൾ, വിവിധ കോളേജുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പിടിച്ച നായകളെ ABC ചെയ്തശേഷം വാക്സിനും മറ്റ് മരുന്നുകളും നല്കി ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് പൂവാറിലെ Naughty pets എന്ന ഷെൽട്ടറിലേയ്‌ക്ക് മാറ്റിയത്.
ശ്രീമതി സംഗീത സുരേഷിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ 8 വർഷമായി പ്രവർത്തിയ്‌ക്കുന്ന ഈ ഷെൽട്ടറിൽ നിലവിൽ 137 നായകളുണ്ട്. കോർപ്പറേഷൻ നല്കിയ 50 നായകളെ പ്രത്യക തരം ബെൻ്റ്റ് ധരിപ്പിച്ച് രണ്ട് കൂടുകളിലായാണ് പാർപ്പിച്ചിരിയ്‌ക്കുന്നത്.ആവശ്യത്തിന് ഭക്ഷണവും,മരുന്നും കരുതിയിട്ടുണ്ട്, കൂടാതെ ഡോക്ടർ ശ്രീ രാഗിന്റെ നേതൃത്വത്തിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നിരീക്ഷണവും നടത്തുന്നുണ്ട്.നായകളുടെ ആരോഗ്യം തെരുവിൽ നിന്ന് പിടിച്ചതിനെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്.ഷെൽട്ടർ പ്രവർത്തിയ്‌ക്കുന്ന ഏത് സമയത്തും സംഗീതയുടെ അനുവാദത്തോടെ മാധ്യമ പ്രവർത്തകർക്കും, മൃഗസ്നേഹികൾക്കും ഷെൽട്ടർ സന്ദർശിയ്‌ക്കാവുന്നതാണ്.
കാട്ടായിക്കോണത്തെ പോലീസ് ഉദ്യോഗസ്ഥ മെറ്റിൽഡയുടെ വീട്ടിൽ നിന്നുള്ള നായകളെ ഇന്ന് മുതൽ കോർപ്പറേഷന്റെ ABC സെന്റെറിലേയ്‌ക്ക് മാറ്റി തുടങ്ങും.വിവിധ NGO കളുമായി ചർച്ചകൾ തുടരുന്നുണ്ട്.കൂടുതൽ ഷെൽട്ടറുകൾ നിർമ്മിയ്‌ക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ ലഭിയ്‌ക്കുന്നതോടെ തിരു:കോർപ്പറേഷനിലെ തെരുവ് നായ് പ്രശ്നം പൂർണ്ണമായും പരിഹരിയ്‌ക്കുവാൻ സാധിക്കും.















