തിരുവനന്തപുരം: അനധികൃത സ്പാ & മസാജ് സെൻററുകൾക്ക് പൂട്ടിടാൻ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ലൈസൻസ് നൽകിയ എല്ലാ സ്പാ സെന്ററുകളിലും പരിശോധന നടത്തുമെന്ന് മേയർ അഡ്വ. വി. വി രാജേഷ് പറഞ്ഞു.
തിരുവല്ലയിൽ നടന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തും അനധികൃത സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ക്രോസ് മസാജും വ്യാപകമായി സ്പാ സെന്റർ മറവിൽ നടക്കുന്നുണ്ട്. വ്യാപകമായി ഇത്തരം മസാജിംഗ് നടക്കുന്നുണ്ട്. അംഗീകൃത ഡോക്ടർമാരുടെ സാന്നിധ്യം ഇല്ലാതെയാണ് പല സ്ഥാപനങ്ങളുടെ പ്രവർത്തനം. ഇത്തരം ലൈസൻസിന്റെ മറവിൽ അനാശ്യസപ്രവർത്തനം നടത്താൻ അനുവദിക്കില്ല.
ഇത്തരം മാഫിയകൾക്ക് ചില പോലീസുകാരും കൂട്ടു നിൽക്കുന്നുണ്ട്. ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. അനധികൃതമായി പ്രവൃത്തിക്കുന്ന സ്പാ സെന്ററുകളുടെ വിവരം ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏതൊക്കെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തും. ലൈസൻസ് നൽകിയത് തന്നെ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നും പരിശോധിക്കും. കോർപ്പറേഷനും, പോലീസും സംയുക്തമായാണ് പരിശോധന നടത്തുക. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അഡ്വ. വി. വി രാജേഷ് വ്യക്തമാക്കി.















