എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകുന്ന വൈറൽ ദൃശ്യങ്ങൾ നേതാക്കളുടെ തിരക്കഥ. പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ പറഞ്ഞു . ഗോവിന്ദ് സ്റ്റേജിൽ കയറി പണം കൊടുക്കണമെന്നും അദ്ദേഹം തിരിച്ചുതരുമെന്നും പാർട്ടിക്കാർ പറഞ്ഞിരുന്നുവെന്നും മൊയ്തീൻ പറഞ്ഞു. ഗോവിന്ദന് നൽകിയത് തന്റെ പെൻഷൻ കാശ് അല്ലെന്നും പാർട്ടിക്കാർ നൽകിയ പണമാണെന്നും വയോധികൻ പറഞ്ഞു.
ഈ മാസം 9 നാണ് എം. വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ബാലുശ്ശേരി മണ്ഡലത്തിൽ എത്തിയത്. അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മൊയ്തീൻ 2,000 രൂപ സ്റ്റേജിൽ കയറി എം. വി ഗോവിന്ദന് നൽകുന്നു. ഗോവിന്ദൻ പണം എണ്ണി നോക്കുകയും തിരിച്ച് പോക്കറ്റിൽ വച്ചു കൊടുക്കുന്നു. ഈ പണം നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ സംഭാവന സ്വീകരിച്ചെന്ന് കരുതിയാൽ മതിയെന്ന് ഗോവിന്ദൻ പറയുന്നു, ഇങ്ങനെ പോകുന്നു തിരക്കഥ. എൽഡിഎഫ് സർക്കാർ തന്നെ വരണം എന്നാൽ മാത്രമേ ക്ഷേമപെൻഷൻ കിട്ടൂ എന്നും മൊയ്തീൻ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽ വച്ച് ചിത്രീകരിച്ച മൊയ്തീന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ മനസ്സൊടെ ചെയ്തതല്ലെന്നും പാർട്ടിക്കാർ പറഞ്ഞിട്ടാണ് സ്റ്റേജിൽ എത്തി പണം നൽകിയതെന്നും വയോധികൻ പറയുന്നുണ്ട്.















