കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങളും ലവ് ജിഹാദും ചിത്രീകരിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയ കേരളാ സ്റ്റോറി എന്ന സിനിമയുടെ തുടർച്ചയായി പ്രദർശനത്തിന് തയ്യാറായ കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ പ്രദർശനം കേരളാ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വരുന്ന വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു.
15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ദിവസത്തിനുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കണ്ട് പ്രദര്‍ശനാനുമതിയുടെ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സിനിമ കോടതിക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽനിന്ന് നിർമാതാക്കൾ ഒഴിഞ്ഞുമാറിയെന്നും കോടതി വിമർശിച്ചു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടിയിയെ കോടതി വിമർശിച്ചു .‘നിങ്ങൾ ചിത്രത്തിന് ഒരു എ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല. പകരം U/A’ആണ് നൽകിയത്’ എന്ന് കോടതി പറഞ്ഞു.
കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിക്കുന്ന ‘ദി കേരള സ്റ്റോറി 2’ പുറത്തിറക്കാൻ പദ്ധതിയിട്ടപ്പോൾ മുതൽ വ്യാപകമായ പ്രചാരണമാണ് നേരിടുന്നത് . സിനിമകളുടെ തലക്കെട്ടിൽ സംസ്ഥാനങ്ങളുടെയോ നഗരങ്ങളുടെയോ പേര് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്ന് സെൻസർ ബോർഡ് വാദിച്ചു.















