കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടാൻ മടിച്ച് രോഗികൾ. നാലായിരത്തിലധികം രോഗികളെത്താറുള്ള ദിവസമായ വ്യാഴാഴ്ചപോലും 1180 പേർ മാത്രമാണെത്തിയത് എന്നാണ് റിപ്പോർട്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളാണ് ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ. എന്നിട്ടും ഒ.പി.യിൽ രോഗികൾ കുറവായതിന് കാരണം ഡോക്ടർമാരുടെ സമരമാണ്.
സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തുന്ന പല രോഗികളും മറ്റ് ആശുപത്രികളിൽനിന്ന് റഫർചെയ്ത് വരുന്നവരും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയക്ക് അഡ്മിറ്റാകാൻ എത്തിയവരുമാണ്. എന്നാൽ ഒ.പി.യിൽ രോഗികളെ പരിശോധിച്ചത് പി.ജി. ഡോക്ടർമാരാണ്. ഇവരോട് ശസ്ത്രക്രിയയെ കുറിച്ച് ചോദിച്ചാൽ സമരംകഴിഞ്ഞുമാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന മറുപടിയാണ് കിട്ടുന്നതെന്നാണ് രോഗികൾ പറയുന്നത്.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധിക്കാത്ത രോഗികളാണ് ഭൂരിഭാഗവും ആശുപത്രിയിലെത്തുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന പല ശസ്ത്രക്രിയകൾക്കുമായി ആശുപത്രിയ സമീപിക്കുന്നവരുമുണ്ട്. എന്നാൽ കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഡോക്ടർമാരുടെ സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിതലചർച്ച നടക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും ചർച്ച നടന്നില്ല.















