ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കൽപേട്ടിലെ ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകി. 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), (ബി), (ഡി), സെക്ഷൻ 36 & 37 എന്നിവ പ്രകാരമാണ് വിവാഹം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. 1999 ലാണ് വിജയിയും സംഗീതയും വിവാഹിതരായത്. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകൾ ദിവ്യ സാഷ. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ് മകൻ.
2021 ഏപ്രിൽ മുതൽ ഒരു നടിയുമായി നടൻ അവിഹിത ബന്ധത്തിലാണെന്നും ഇത് തനിക്ക് വൈകാരിക വേദനയും മാനസിക ക്ലേശവും ഉണ്ടാക്കുന്നുവെന്നും വിവാഹ വിശ്വാസത്തെ വഞ്ചിച്ചുവെന്നും സംഗീത തന്റെ ഹർജിയിൽ ആരോപിച്ചു. അവിഹിത ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ആദ്യം ഉറപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് അത് തുടർന്നതായും, ദീർഘകാല മാനസിക പീഡനത്തിന് വിധേയമാക്കിയതായും അവർ പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ലെന്നും കുട്ടികളുടെ പഠനവും വൈകാരികതയും കണക്കിലെടുത്ത് വിഷയം മാറ്റിവച്ചുവെന്നും അവർ പറയുന്നു. വിജയ് തന്നെ വൈകാരികമായും, മാനസികമായും, ശാരീരികമായും അവഗണിക്കുകയാണെന്നും, ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറുകയാണെന്നും, മനഃപൂർവ്വം തന്നിൽ നിന്ന് അകന്നു നിൽക്കുകയാണെന്നും അവർ വാദിക്കുന്നു.
വിജയ് നടിയോടൊപ്പം വിദേശയാത്രകൾ തുടർന്നുവെന്നും നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെങ്കിലും വിജയ് അത് നിഷേധിക്കുകയോ എതിർക്കുകയോ ചെയ്തില്ലെന്നും അവർ വാദിച്ചു. വ്യാപകമായി പ്രചരിച്ച ഈ പോസ്റ്റുകൾ തനിക്കും കുട്ടികൾക്കും ആവർത്തിച്ചുള്ള അപമാനത്തിന് കാരണമായെന്നും അവർ വാദിച്ചു. നടിയുമായുള്ള നടന്റെ തുടർച്ചയായ ബന്ധം തനിക്കും കുട്ടികൾക്കും നാണക്കേടും വേദനയും ഉണ്ടാക്കുന്നുണ്ടെന്നും അവർ ഹർജിയിൽ പറഞ്ഞു.
അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഇൻ-ക്യാമറ നടപടിക്രമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങൾ ഹോസ്റ്റ് ചെയ്യുന്നതോ, അഭിമുഖം നടത്തുന്നതോ, പ്രസിദ്ധീകരിക്കുന്നതോ ആയ മാധ്യമ സ്ഥാപനങ്ങളെ തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു.















