കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരായ അപ്പീൽ തള്ളി ഹൈക്കോടതി. ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡിന്റെ അപ്പീലാണ് തള്ളിയത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.കെ. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ 2.53 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എം.കെ. അഷ് റഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണ ഇടപാടുകൾ സ്ഥാപനത്തിന്റെ മറവിൽ നടക്കുന്നുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. അതിനിടെ വിറ്റുപോയ വില്ലകളെ ഇഡിയുടെ നടപടികൾ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം കോടതിയെ സമീപിച്ചത്.
2023 ഓഗസ്റ്റിലാണ് ഇടുക്കി മാങ്കുളത്തെ ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് ഇഡി കണ്ടുകെട്ടിയത്. വില്‍പ്പന നടത്താത്ത നാല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൊജക്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.















