ന്യൂഡൽഹി: രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും ആവശ്യമായ സ്റ്റോക്കുണ്ട്. ഹോർമോസ് കടലിടുക്കിലെ പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് വഴികൾ തേടുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
2022 മുതൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. 2022-വരെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വെറും 0.2 ശതമാനം മാത്രമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അത് 20 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്ന് ദിവസേന 1.04 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. നിലവിൽ എൽപിജി ശേഖരവും സുരക്ഷിതമായ നിലയിലാണ്. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ എൽപിജി റിഫൈനറികളോട് ഉത്പാദനം വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.















