പാലക്കാട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം വടക്കൻ വെള്ളിനേഴി തൃപ്പൂലിക്കൽ മഹാദേവക്ഷേത്രത്തിലാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ഇന്ന് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിനകത്തുള്ള കിണറിന് സമീപത്തെ ഓടുകൾ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. ഒരു ഭണ്ഡാരത്തിന്റെ പൂട്ടു പൊളിച്ച് പണം അപഹരിക്കുകയായിരുന്നു. ഭക്തർ സമർപ്പിച്ച പണമാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. അതിനാൽ എത്ര രൂപ നഷ്ടമായി എന്നതിൽ വ്യക്തതയില്ല.















