കൊച്ചി: സിനിമ സെറ്റില്‍ വെച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രഞ്ജിത്തിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ഇന്ന് വാദമുണ്ടാകും.
കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അന്ന് വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സംഭവസ്ഥലമായ കാരവനിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. എന്നാല്‍, ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യം അനുവദിക്കണമെന്ന നിലപാടായിരിക്കും പ്രതിഭാഗം കോടതിയില്‍ സ്വീകരിക്കുക എന്നാണ് സൂചന.
കേസില്‍ മറ്റൊരു ശ്രദ്ധേയമായ നീക്കം നടന്നത് രഞ്ജിത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതാണ്. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗം കൂടിയായിരുന്ന അഡ്വ. മുഹമ്മദ് സിയാദ് പ്രതിക്ക് വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു. ഐസിസി അംഗം തന്നെ പ്രതിഭാഗത്തിന് വേണ്ടി വരുന്നത് ധാര്‍മ്മികമല്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹം പിന്മാറിയത്. ഈ സാഹചര്യത്തില്‍ പുതിയ അഭിഭാഷകനാകും ഇന്ന് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരാവുക.
കഴിഞ്ഞ ജനുവരിയില്‍ എറണാകുളത്തും കോട്ടയത്തുമായി നടന്ന സിനിമാ ചിത്രീകരണത്തിനിടെ കാരവനില്‍ വെച്ച് രഞ്ജിത് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടവരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു. സെറ്റിലുണ്ടായിരുന്ന കൂടുതല്‍ ആളുകളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. എസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.















