തിക്കോടി: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളിന് സമീപം കടപ്പുറം താരേമ്മൽ മുഹമ്മദ് സിനാൻ (18) ആണ് പൊള്ളലേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
നിർത്തിയിട്ടിരുന്ന ബി.ടി.പി.എൻ. ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽക്കയറി സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇതിനിടെ കാൽതെന്നി താഴേക്കുവീഴാൻപോയപ്പോൾ രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ഷോക്കേറ്റ് യുവാവ് ട്രെയിന് മുകളിലേക്ക് വീഴുകയായിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി പറയുന്നു.
ഇയാളുടെ സുഹൃത്തിന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമികചികിത്സയ്‌ക്കുശേഷം സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














