ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പരിശോധിക്കുന്നതും തുക അനുവദിക്കുന്നതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ കൈവശമുള്ളവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ‘ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലുള്ള ക്ലെയിം നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ‘ഓട്ടോ-അഡ്ജുഡിക്കേഷന്‍ ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നത്. ക്ലെയിമുകള്‍ വേഗത്തിലും സുതാര്യമായും തീര്‍പ്പാക്കുന്നത് ആശുപത്രികള്‍ക്കും ഗുണഭോക്താക്കള്‍ക്കും പദ്ധതിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.വലിയ തോതിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൃത്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വികസിപ്പിക്കുക. മെയ് 8, 9 തീയതികളില്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ച് ഓഫ്ലൈന്‍ ആയിട്ടാണ് മത്സരം.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്ലെയിം പരിശോധന ഓട്ടോമേറ്റഡ് ആക്കുന്നതിലൂടെ പ്രോസസിംഗ് സമയം ഗണ്യമായി കുറയ്‌ക്കാനും മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മാനുഷികമായ ഇടപെടലുകള്‍ വഴി ക്ലെയിമുകള്‍ പരിശോധിക്കുന്നത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആരോഗ്യരംഗത്ത് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഹാക്കത്തോണിന്റെ ഭാഗമായി നടക്കും. എന്‍.എച്ച്.എ സി.ഇ.ഒ ഡോ. സുനില്‍ കുമാര്‍ ബന്‍വാള്‍, പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യ നയരൂപീകരണ വിദഗ്ധരെയും സാങ്കേതിക വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.















