ന്യൂഡൽഹി: അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികൾ നൽകുന്ന ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നകാര്യം ആദ്യം പരിശോധിക്കണമെന്നും ജസ്റ്റിസ് നാഗരത്ന. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തിനിടെയായിരുന്നു സുപ്രധാന നിരീക്ഷണം.
ശബരിമലയിലെ വിശ്വാസികൾ ആരെങ്കിലും യുവതി പ്രവേശന വിലക്ക് ചോദ്യം ചെയ്ത് ഹർജി നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടും. അവിശ്വാസിയുടെ ഈ ആവശ്യത്തെ എന്തിന് കോടതികൾ ഇടം നൽകിയെന്ന നിർണ്ണായക ചോദ്യവും ജസ്റ്റിസ് നാഗരത്ന ഉയർത്തി.
ഈ ഹർജിയുമായി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണ് എന്നായിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഒരു മതം അതിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്ന കാര്യങ്ങൾക്ക് മാത്രമേ ഭരണഘടനാ സംരക്ഷണം ലഭിക്കൂ എന്ന് നാഗരത്ന. അത് തീരുമാനിക്കേണ്ടത് ആ മതത്തിന്റെ തത്വശാസ്ത്രം വെച്ചായിരിക്കണം എന്നും അല്ലാതെ മറ്റൊരു മതത്തിന്റെ കണ്ണിലൂടെയാകരുത് എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു . ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
ജഡ്ജിമാരുമാടെ നീരീക്ഷണത്തെ അംഗീകരിച്ച തുഷാർ മേത്ത. മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മതപരമായ ആചാരം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ മതേതര കോടതികൾക്ക് അവകാശമുണ്ടോ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. നാഗാലാൻഡിലെ ഒരു ഗോത്രവർഗ്ഗക്കാരന് വിശ്വാസമായ കാര്യം മറ്റൊരാൾക്ക് അന്ധവിശ്വാസമായി തോന്നാം. വൈവിധ്യമാർന്ന നമ്മുടെ സമൂഹത്തിൽ കോടതി അത്തരം തീരുമാനങ്ങൾ എടുക്കുന്നത് അപകടകരമാണെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.















