ശബരിമല: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. 2019-ല്‍ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ഇളക്കിമാറ്റിയ പാളികള്‍ പമ്പയിലെത്തിച്ചത് ദേവസ്വം ബോര്‍ഡിന്റെ തന്നെ ട്രാക്ടറിലാണെന്ന് ഡ്രൈവര്‍മാര്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പമ്പ മരാമത്ത് വിഭാഗത്തിന്റെ ചുമതലയിലുള്ള ട്രാക്ടര്‍ സന്നിധാനത്തേക്ക് വരുത്തിയാണ് പാളികള്‍ താഴേക്ക് കൊണ്ടുപോയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍മാരെ എസ്.ഐ.ടി ചോദ്യം ചെയ്തപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
യാതൊരു രഹസ്യസ്വഭാവവുമില്ലാതെ പകല്‍സമയത്താണ് ഇവ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോയതെന്ന് ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തി. 2019-ലെ കട്ടിളപ്പാളി നവീകരണത്തിനായി കൊണ്ടുപോയതും ഇതേ രീതിയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴി നല്‍കിയവരില്‍ ചിലര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. കേസിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായി എസ്.പിമാരായ എസ്. ശശിധരന്‍, ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തി വിശദമായ പരിശോധന നടത്തി.
ശ്രീകോവില്‍, മണ്ഡപം, ബലിക്കല്‍പ്പുര എന്നിവിടങ്ങളില്‍ അന്വേഷണസംഘം അളവുകളെടുത്തു. സന്നിധാനത്തുനിന്ന് പാളികള്‍ പുറത്തെത്തിച്ച സ്റ്റാഫ് ഗേറ്റിന്റെയും അവിടുത്തെ ഇടുങ്ങിയ വഴിയുടെയും വീതി കൃത്യമായി രേഖപ്പെടുത്തി. പാളികള്‍ കടത്തിക്കൊണ്ടുപോയ രീതി കുറ്റപത്രത്തില്‍ കൃത്യമായി വിവരിക്കുന്നതിനാണ് ഈ നടപടി. 2019-ലെ കൊള്ളയ്‌ക്ക് പുറമെ, 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണ്ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതിലെ ക്രമക്കേടുകളെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
അന്ന് പാളികള്‍ കൊണ്ടുപോയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ഒപ്പമുണ്ടായിരുന്ന സാക്ഷികളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019-ലെയും 2025-ലെയും റിപ്പോര്‍ട്ടുകള്‍ ഒന്നിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്. വിഷു ഉത്സവത്തിനായി നടതുറന്ന വെള്ളിയാഴ്ചയായിരുന്നു സന്നിധാനത്തെ ഈ നിര്‍ണ്ണായക തെളിവെടുപ്പ്.















