ബെലഗാവി: ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി സത്യവ്വ ഹെലവാര്‍ ആണ് ബന്ധുക്കളുടെ ക്രൂരതയ്‌ക്ക് ഇരയായത്. യുവതിയെ നിര്‍ബന്ധപൂര്‍വ്വം വിഷം കഴിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അതിര്‍ത്തിയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. നാല് വര്‍ഷം മുമ്പ് വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സത്യവ്വ കാമുകനൊപ്പം ഒളിച്ചോടി വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നാരോപിച്ച് ബന്ധുക്കള്‍ ഇവരെ തിരഞ്ഞുപിടിക്കുകയും സത്യവ്വയെ ബലമായി പിടിച്ചുകൊണ്ടുവരികയും ചെയ്തു. സത്യവ്വയെ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ കാമുകനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ കാമുകനൊപ്പം തന്നെ ജീവിക്കുമെന്ന് സത്യവ്വ ഉറച്ച നിലപാടെടുത്തു.
ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ മാര്‍ച്ച് 21-ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം കര്‍ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിയിലുള്ള ശ്മശാനത്തിലെത്തിച്ച് ആരും കാണാതെ മൃതദേഹം സംസ്‌കരിച്ചു. ദിവസങ്ങളോളം സത്യവ്വയെ ഫോണില്‍ കിട്ടാതായതോടെ കാമുകനായ കൃഷ്ണ പാട്ടീല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ നിഴല്‍ പരിശോധനയിലും ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലുമാണ് കൊലപാതക വിവരം പുറത്തുവന്നത്.
സംഭവത്തില്‍ ബന്ധുക്കളായ പ്രകാശ് ഭീമപ്പ ഹെലവാര്‍ (46), ഷാനൂര്‍ സദാശിവ് ഹെലവാര്‍ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് പിടികൂടി. പ്രതികളെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.















