ന്യൂഡല്‍ഹി: ഡോക്ടറായും ബിസിനസുകാരനായും വേഷമിട്ട് ഓണ്‍ലൈന്‍ വഴി സ്ത്രീകളെ കെണിയിലാക്കി കോടികള്‍ തട്ടിയ ബംഗാള്‍ സ്വദേശി ആനന്ദ് കുമാര്‍ (35) പിടിയിലായി. ഡേറ്റിങ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും കേന്ദ്രീകരിച്ച് നടത്തിയ വമ്പന്‍ തട്ടിപ്പാണ് ഡല്‍ഹി സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ‘വൈഭവ് അറോറ’ എന്ന വ്യാജ പേരില്‍ യുവതിയെ പരിചയപ്പെട്ട പ്രതി ഏഴ് ലക്ഷം രൂപ കൈക്കലാക്കി. പണം തിരികെ ചോദിച്ചപ്പോള്‍ താന്‍ മരിച്ചുപോയെന്ന് വിശ്വസിപ്പിക്കാനായി മറ്റൊരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് ഇയാള്‍ സന്ദേശമയച്ചു. സംശയം തോന്നിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
വളരെ ആസൂത്രിതമായാണ് ആനന്ദ് കുമാര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഡോക്ടര്‍, വക്കീല്‍, ബിസിനസുകാരന്‍ എന്നിങ്ങനെ വിവിധ പ്രൊഫൈലുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. ചിലരെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി. പ്രമുഖ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തും മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്തും യുവതികളെ വലയിലാക്കി. ഡോ. രോഹിത് ഭാല്‍, തരുണ്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ പേരുകള്‍ക്ക് പുറമെ ‘ശിഖ’ എന്ന പെണ്‍പേരിലും ഇയാള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി അതീവ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും ഓണ്‍ലൈന്‍ ഗെയിമിംഗിനുമാണ് ഇയാള്‍ പണം പ്രധാനമായും ചിലവഴിച്ചിരുന്നത്.
പ്രതിയുടെ പക്കല്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍, എട്ട് സിം കാര്‍ഡുകള്‍, സ്വര്‍ണ്ണമാലകള്‍, വളകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവരോട് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.















