ബാലോത്ര: രാജസ്ഥാനിലെ ബാലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയില്‍ വന്‍ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. റിഫൈനറി സമുച്ചയത്തില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും രാജസ്ഥാന്‍ സര്‍ക്കാരും സംയുക്തമായി നിര്‍മ്മിച്ച ഭാരതത്തിലെ ആദ്യത്തെ സംയോജിത റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സാണിത്.
പദ്ധതിയുടെ തറക്കല്ലിടല്‍ ആദ്യം നടന്നത് 2013 സെപ്റ്റംബര്‍ 22-ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. അന്ന് 37,230 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് 2018 ജനുവരി 16-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പുനരാരംഭിക്കുകയും നിര്‍മ്മാണച്ചെലവ് 43,129 കോടി രൂപയായി പരിഷ്‌കരിക്കുകയും ചെയ്തു. ഇന്ധന ഉല്‍പ്പാദനത്തിന് പുറമെ പോളിപ്രൊഫൈലിന്‍, പോളിഎത്തിലീന്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ഈ റിഫൈനറി വഴി ലക്ഷ്യമിടുന്നുണ്ട്.
പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, കാര്‍ഷിക പൈപ്പുകള്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന അനുബന്ധ വ്യവസായങ്ങള്‍ക്ക് ഇത് വലിയ കരുത്താകും. ഇറക്കുമതി കുറച്ചുകൊണ്ട് ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും രാജസ്ഥാനെ ഒരു വ്യാവസായിക ഹബ്ബാക്കി മാറ്റുന്നതിലും ഈ പദ്ധതി നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പുണ്ടായ ഈ അപകടം അധികൃതരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വലിയ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.















