തിരുവനന്തപുരം: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ സി.ഇ.ഒ പദവി ഒഴിയുന്ന ടിം കുക്കിന് അഭിനന്ദനങ്ങളുമായി മുന്‍ മുന്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ആപ്പിളിനെ ലോകത്തെ മുന്‍നിര കമ്പനിയായി നിലനിര്‍ത്തുന്നതിനൊപ്പം ഇന്ത്യയെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതില്‍ ടിം കുക്ക് വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടിം കുക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യയും ആപ്പിളും തമ്മിലുണ്ടായ സഹകരണം രാജ്യത്തിന്റെ ഐ.ടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. ചൈനയ്‌ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറിയത് ഈ കാലയളവിലാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമാണ് ഈ പങ്കാളിത്തത്തിലൂടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ സാന്നിധ്യം വലിയ കുതിച്ചുചാട്ടമുണ്ടാക്കി. പുതിയ സി.ഇ.ഒ ജോണ്‍ ടെര്‍ണസിന് കീഴില്‍ ഇന്ത്യയും ആപ്പിളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റീവ് ജോബ്സിന്റെ പടിയിറക്കത്തിന് ശേഷം 2011-ലാണ് ടിം കുക്ക് ആപ്പിളിന്റെ അമരത്തെത്തിയത്. നീണ്ട 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞുമാറുന്നത്.
ഇനി മുതല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയിലായിരിക്കും കുക്ക് തുടരുക. ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോണ്‍ ടെര്‍ണസ് ആണ് പുതിയ സി.ഇ.ഒ. കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികള്‍ ആപ്പിളിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണ്ണായകമായി. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും കോവിഡ് കാലത്തെ വിതരണ തടസ്സങ്ങളും കാരണം ചൈനയ്‌ക്ക് പകരം മറ്റൊരു നിര്‍മ്മാണ കേന്ദ്രം തേടിയ ആപ്പിളിന് മുന്നില്‍ ഇന്ത്യ മികച്ച ബദലായി മാറി.
നിലവില്‍ തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണ്‍, പെഗട്രോണ്‍ പ്ലാന്റുകളിലും കര്‍ണാടകയിലെ ടാറ്റാ ഫാക്ടറിയിലുമായി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന നഗരങ്ങളിലായി ആറ് ഔദ്യോഗിക ആപ്പിള്‍ സ്റ്റോറുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.















