ന്യൂഡല്‍ഹി: ഭാരതത്തിന്റെ ക്ഷമയെ ആരും ദുര്‍ബലതയായി കാണേണ്ടതില്ലെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കടുത്ത മുന്നറിയിപ്പ്. അയല്‍രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യയുടെ പ്രതികരണം വാക്കുകള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇതുവരെ മറ്റൊരു രാജ്യത്തെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ നമ്മുടെ മറുപടി ‘ഡോട്ട്, ഡോട്ട്, ഡോട്ട്(…)’ എന്നായിരിക്കും,’ രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ സൈനികശേഷി ഇന്ന് ലോകം ഉറ്റുനോക്കുന്ന നിലയില്‍ കരുത്താര്‍ജ്ജിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യം ഒരു വര്‍ഷം മുന്‍പ്, 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തെ അദ്ദേഹം അനുസ്മരിച്ചു.
അന്ന് നേപ്പാളി പൗരനടക്കം 26 നിരപരാധികളെയാണ് പാക് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഈ ക്രൂരതയോടുള്ള ഇന്ത്യയുടെ നിലപാട് എന്നും വിട്ടുവീഴ്ചയില്ലാത്തതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ മിന്നല്‍ നീക്കമായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. 2025 മെയ് 7-ന് പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.
ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ താവളങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. നമ്മുടെ സൈനികര്‍ അന്ന് ശത്രുക്കള്‍ക്ക് നല്‍കിയ മറുപടി എന്താണെന്ന് ലോകം മുഴുവന്‍ കണ്ടതാണെന്നും, അത് പ്രത്യേകം എടുത്തു പറയേണ്ടതില്ലെന്നും ആത്മവിശ്വാസത്തോടെ മന്ത്രി പറഞ്ഞു. ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് സൈന്യം ഇനിയും ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.















